പെഗസസ് ചാരവൃത്തി : അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ
suprem court

ന്യൂഡൽഹി: പെഗസസ് ചാരവൃത്തി അന്വേഷിച്ച സുപ്രീംകോടതി സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രന്‍റെ മേൽനോട്ടത്തിൽ മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ആഗസ്റ്റ് 12ന് പരിഗണിച്ചേക്കും.

ഇന്ത്യയിൽനിന്നുള്ള 'വയർ' അടക്കം മാധ്യമങ്ങളുടെ അന്തർദേശീയ കൺസോർട്യം നടത്തിയ അന്വേഷണത്തിലാണ് പെഗസസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 50,000 വ്യക്തികൾക്കുമേൽ നടത്തിയ ചാരവൃത്തി പുറത്തായത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയനേതാക്കളുടെയും വ്യവസായികളുടെയും മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും മൊബൈൽ ഫോണുകളിൽ പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി കൺസോർട്യം വെളിപ്പെടുത്തി. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച് ഭരണകൂടങ്ങൾക്കു മാത്രം നൽകുന്ന 'പെഗസസ്' മൊബൈൽ ഫോണിലെ ഡേറ്റ ഒന്നടങ്കം ചോർത്തുന്നതിനു പുറമെ കാമറയും ഫോണും പ്രവർത്തിപ്പിക്കാനും ചാരവൃത്തി നടത്തുന്നവർക്ക് കഴിയും.

ഏറെ കോളിളക്കം സൃഷ്ടിച്ച ചാരവൃത്തി കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് ചാരവൃത്തിക്കിരയായവർ അടക്കമുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചു. ഗുജറാത്ത് ഗാന്ധിനഗർ ദേശീയ ഫോറൻസിക് സയൻസ് സർവകലാശാല ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രഫസർ ഡോ. പ്രഭാഹരൻ, ഐ.ഐ.ടി മുംബൈയിലെ അസോസിയേറ്റ് പ്രഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ചാരവൃത്തിക്കിരയായവർ തങ്ങളുടെ 29 മൊബൈൽഫോണുകൾ അന്വേഷണ സമിതിക്കു സമർപ്പിക്കുകയും അവരത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്തിമ റിപ്പോർട്ട് മേയ് 20നകം സമർപ്പിക്കാൻ ആദ്യം ആവശ്യപ്പെട്ട സുപ്രീംകോടതി പിന്നീട് ജൂൺ 20 വരെ സമയം നീട്ടിനൽകിയിട്ടും സമിതിക്ക് റിപ്പോർട്ട് നൽകാനായിരുന്നില്ല. അവസാനം ഒരാഴ്ച മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സുപ്രീംകോടതി സമിതി അധ്യക്ഷൻ ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ പ്രതികരിച്ചിട്ടില്ല. രഹസ്യസ്വഭാവത്തിലുള്ള വിഷയമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
 

Share this story