പട്ടയകേസിൽ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

google news
supream court

ദില്ലി:  സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പട്ടയകേസിൽ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരുമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്നും നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നിലപാട് സത്യവാങ് മൂലമായി അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടും ഇത് വൈകിയതിലാണ് കോടതി ഇപ്പോള്‍ സംസ്ഥാനത്തിന് മുന്നിറിയിപ്പ് നൽകിയത്. നിര്‍ദേശം ഇതുവരെ പാലിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതെ സമയം സത്യവാങ്മൂലം നൽകുന്നതിനെ കുറിച്ചുള്ള നിർദ്ദേശം ഇന്നലെയാണ് ലഭിച്ചതെന്ന് സ്റ്റാന്‍റിംഗ് കൗണ്‍സല്‍ സി കെ ശശി കോടതിയെ അറിയിച്ചു. വൈകാതെ സത്യവാങ്മൂലം ഫയല്‍ ചെയ്യുമെന്നും സ്റ്റാൻഡിംഗ് കൗൺസൽ വ്യക്തമാക്കി. 

എന്നാല്‍, സര്‍ക്കാരും, ക്വാറി ഉടമകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു. ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി അഭിഭാഷകരായ ഇ എം എസ് അനാം, എം കെ എസ് മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. പരിസ്ഥിതി പ്രവർത്തകർക്കായി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരും ഹാജരായി.

Tags