ബിഹാറിലെ പട്ന യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് വെടിയേറ്റു
Patna University

പട്ന: നാട്ടുകാരുമായുള്ള സംഘർഷത്തിൽ ബിഹാറിലെ പട്ന യൂണിവേഴ്സിറ്റിയിലെ മൂന്ന് വിദ്യാർഥികൾക്ക് വെടിയേറ്റു. നാട്ടുകാരുടെ ഭാഗത്ത് നിന്നും വിദ്യാർഥികളുടെ ഭാഗത്ത് നിന്നും നിരവധി തവണ വെടിയുതിർന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് വാദം വിദ്യാർഥികൾ തള്ളി.

പട്ന യൂണിവേഴ്സിറ്റിയിലെ അംബേദ്‌കർ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളും പ്രദേശവാസികളായ നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. വാക്കുതർക്കത്തിൽ ആരംഭിച്ച പ്രശ്നം കല്ലേറിലും വെടിവയ്പിലും അവസാനിക്കുകയായിരുന്നു. വെടിയേറ്റു പരിക്ക് പറ്റിയ വിദ്യാർഥികളെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഇരുഭാഗത്തു നിന്നും രണ്ട് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും, പ്രദേശം നിലവിൽ ശാന്തമാണെന്നും പട്ന സീനിയർ എസ്.പി മാനവ്ജിത് സിംഗ് ധിലോൺ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Share this story