ബുൾഡോസർ നടപടി നിയമവിധേയം; സുപ്രീംകോടതിയിൽ യു.പി സർക്കാർ

google news
kannur vc placement  supreme court

ന്യൂഡല്‍ഹി: പ്രയാഗ് രാജിലും, കാണ്‍പൂരിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത് നിയമവിധേയമാണെന്ന് സുപ്രീംകോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത് പ്രയാഗ് രാജ് വികസന അതോറിറ്റി ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിര്‍മാണമായതിനാല്‍ ആണെന്നും യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ചവരുടെ വീടുകള്‍ പൊളിച്ചു നീക്കിയ യു.പി സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ജംയത്തുള്‍ ഉലമ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 1973 ലെ ഉത്തര്‍പ്രദേശ് അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് പ്രകാരം നോട്ടീസ് നല്‍കിയാണ് പൊളിക്കല്‍ നടപടി എന്നും സര്‍ക്കാര്‍ പറഞ്ഞു.

മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചത്. അഫ്രീന്‍ ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവുമായ ജാവേദ് മുഹമ്മദിന്റെ കെട്ടിടവും പൊളിച്ചത് നോട്ടീസ് നല്‍കിയാണ്. കെട്ടിടങ്ങള്‍ നഷ്ടപെട്ട ആരും കോടതിയെ സമീപിച്ചിട്ടില്ല. നിയമപരമായി നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് മറ്റ് നിറങ്ങള്‍ നല്‍കാന്‍ ആണ് ജംയത്തുള്‍ ഉലമ ശ്രമിക്കുന്നതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചു.

ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീടുകള്‍ പ്രയാഗ് രാജിലും, കാണ്‍പൂരിലും ഉള്‍പ്പെടെ പൊളിച്ചു നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജംയത്തുള്‍ ഉലമ സുപ്രീം കോടതിയെ സമീപിച്ചത്. പൊളിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്തില്ലെങ്കിലും, നിയമം പാലിച്ച് മാത്രമേ കെട്ടിടങ്ങള്‍ പൊളിക്കാവു എന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും, വിക്രം നാഥും അടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Tags