വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം : അധ്യാപകനെതിരെ പ്രതിഷേധത്തിനൊടുവിൽ അറസ്റ്റ്
bad-message


ചെന്നൈ : വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെവശ്യപ്പെട്ടു പുതുച്ചേരിയിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും വന്‍പ്രതിഷേധം. സമരം ശക്തമായതോടെ മരപ്പാലത്തിനടുത്തുള്ള സ്വകാര്യ സ്കൂൾ അധ്യാപകനെ ഒടുവില്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.  

മരപ്പാലത്തെ സ്വകാര്യ സ്കൂളിൽ കഴിഞ്ഞ പത്തു വർഷമായി ജോലി ചെയ്യുന്ന ഡാനിയേല്‍ എന്നയാളാണു പ്ലസ്ടു വിദ്യാർഥിനിക്കു മൊബൈൽ ഫോണിൽ സന്ദേശങ്ങള്‍ അയച്ചത്. ശല്യം തുടർന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കള്‍ പരാതിയുമായി സ്കൂളിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ സംഘടിച്ചത്. പ്രതിഷേധം കനത്തതോടെ പൊലീസ് കേസെടുത്തു. 

ശിശുക്ഷേമ സമിതി സ്കൂളിലെത്തി തെളിവെടുപ്പും നടത്തി. വിദ്യാർഥികളിൽ നിന്നു തെളിവെടുത്ത ശിശുക്ഷേമ സമിതിക്കു പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നു പൊലീസിനോട് കേസെടുക്കാൻ നിർദേശം നല്‍കി. പിന്നാലെ അധ്യാപകനെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. അതേസമയം കുട്ടിയുടെ പരാതി പൊലീസിനു കൈമാറാന്‍ തയാറാകാതിരുന്ന സ്കൂള്‍ പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. തുടക്കത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസിനെതിരെയും നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Share this story