പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ; ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി
death

ബെംഗളൂരു:  പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച  ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജനെ (27) ആണ്  പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബിടിഎം ലേഔട്ടിൽ ആണ് സംഭവം. യുവതിയുടെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പുറമെ  വികാഷ് തന്‍റെ സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിരുന്നു. ഇതറിഞ്ഞ പ്രതിശ്രുത വധു കൂട്ടുകാരുമായെത്തി യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു. 

പ്രതിശ്രുത വധുവായ യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് യുവ ഡോക്ടറെ കൊലപ്പെടുത്തിയത്. ഇവരില്‍ സൂര്യ ഒളിവിലാണ്. മറ്റ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഡോക്ടര്‍ താമസിക്കുന്ന ബിടിഎം ലേഔട്ടിലെ താമസക്കാരാണ് പ്രതികളെല്ലാവരും.  ആർക്കിടെക്‌ടുമാരുമാണ് ഇവര്‍. ഡോക്ടറുമായി സൌഹൃദത്തിലുമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പട്ട  വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. യുക്രെയ്‌നിൽനിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്. ദേശീയ മെഡിക്കൽ മിഷന്റെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ  പരിശീലനത്തിനായാണ് വികാഷ് ബെംഗളൂരുവിൽ എത്തിയത്. പ്രണയത്തിലായിരുന്ന വികാഷും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ്   സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത്.

ഡോക്ടറായ യുവാവ് തന്‍റെ പ്രതിശ്രുതവധുവിന്‍റെ നന്ഗന ചിത്രങ്ങള്‍ തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും  അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ യുവതി കണ്ടത്. ചിത്രങ്ങള്‍ കണ്ട്  ഞെട്ടിയ വികാഷിനോട് ഇതേപ്പറ്റി ചോദിച്ചു. എന്നാല്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു എന്നായിരുന്നു വികാഷിന്‍റെ പ്രതികരണം. ഇതോടെ  ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നീട് യുവതി തന്‍റെ സഹപാഠിയായ സുശീലിനോട് ഇക്കാര്യം പറഞ്ഞു. ഇരുവരും വികാഷിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളായ  ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേരുകയായിരുന്നു. 

സെപ്റ്റംബർ 10ന് വികാഷിനെ യുവതി സുഹൃത്തായ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവർ മർദിച്ചു. അടിയേറ്റ് അവശനായ വികാഷിനെ ഇവർ പിന്നീട് ആശുപത്രിയിലെത്തിച്ചു. വികാഷിന്റെ സഹോദരൻ വിജയ്‌യെ യുവതി വിവരം അറിയിക്കുകയും ചെയ്തു. വിവരം താൻ ഫോൺ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മിൽ വഴക്കുണ്ടാവുകയും അവർ മർദിച്ചെന്നുമാണു യുവതി പറഞ്ഞത്.  

എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് സെപ്റ്റംബർ 14ന് മരണപ്പെടുകയായിരുന്നു. വികാഷിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണു പ്രതികളുടെ മൊഴി.  വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. യുവതിയെ ചോദ്യം ചെയ്തതോടെയാണ്  പ്രതികളുടെ പ്രതികാരവും മര്‍ദ്ദനവും വെളിപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Share this story