
മുംബൈ : പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയുടെ അടുത്തേയ്ക്കു കുപ്പിവെള്ളവുമായി എത്തിയ കേന്ദ്രമന്ത്രിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ഡിഎൽ) മാനേജിങ് ഡയറക്ടർ പത്മജ ചുന്ദുരുവിനു വെള്ളം നൽകി കയ്യടി നേടിയത്.
മുംബൈയിൽ നടന്ന എൻഎസ്‌ഡിഎലിന്റെ രജതജൂബിലി ആഘോഷവേളയിലാണ് സംഭവം. പ്രസംഗത്തിനിടെ പത്മജ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഇതിനുശേഷം പ്രസംഗം തുടരുകയും ചെയ്തു. അൽപസമയത്തിനുശേഷം കേന്ദ്രമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് വെള്ളക്കുപ്പിയുമായി എത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഗ്ലാസ് പോഡിയത്തില്‍ വച്ചശേഷം വെള്ളക്കുപ്പി തുറക്കുന്നതും വെള്ളമൊഴിക്കുന്നതും വിഡിയോയില്‍ കാണാം. പത്മജ അദ്ഭുതത്തോടെ മന്ത്രിയെ നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു പിന്നാലെ മന്ത്രിക്കു സദസ്സിൽനിന്നു കയ്യടി ഉയർന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.