നാഷനൽ ഹെറൾഡിന്റെ ആസ്ഥാനം ഇഡി മുദ്രവച്ചു
edന്യൂഡൽഹി : കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ ആസ്ഥാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ചു. തൊട്ടുപിന്നാലെ പാർട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾ സ്ഥിതി ചെയ്യുന്ന റോഡുകൾക്കും മുന്നിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പരന്നു. നേതാക്കളും പ്രവർത്തകരും ആസ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടര മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ ബാരിക്കേഡുകൾ നീക്കി.


കോൺഗ്രസിനെ നിശ്ശബ്ദമാക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിന്റേതു വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പൊതുപണം കൊള്ളയടിക്കുന്നവർ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.


നാഷനൽ ഹെറൾഡ് ആസ്ഥാനം ചൊവ്വാഴ്ച റെയ്ഡ് ചെയ്ത ഇഡി സംഘം ഇന്നലെ വൈകിട്ടാണു സീൽ ചെയ്തത്. രാഹുലിനും സോണിയയ്ക്കും ഓഹരി അവകാശമുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പത്രത്തിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും സ്വത്തും യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇഡി അന്വേഷിക്കുന്നത്. രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണു നാഷനൽ ഹെറൾഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. അതിനിടെ, വിലക്കയറ്റം. തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും നാളെ നടത്താനിരുന്ന മാർച്ചിനു പൊലീസ് അനുമതി നിഷേധിച്ചതായും കോൺഗ്രസ് അറിയിച്ചു. 

Share this story