നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലിനെ ഇന്നും ചോദ്യം ചെയ്യും
rahul gandhi
രാഹുലിനോട് ഇന്നും ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചു.
ഇന്നലെ പത്തു മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.

രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നലെ അറസ്റ്റിലായത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് തടഞ്ഞിരുന്നു. ജെബി മേത്തര്‍ എംപിയെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി കിരണ്‍ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്.

Share this story