പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഈ മാസം പുറത്തിറങ്ങും
pm modi

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഈ മാസം പുറത്തിറങ്ങും. 'Letters to Self' എന്ന പേരിലാകും കവിതാസമാഹാരം പുറത്തിറങ്ങുക. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് വിവര്‍ത്തക. ഫിംഗര്‍പ്രിന്റ് ആണ് പ്രസാധകര്‍.

'കൃത്യമായ പ്രാസവും വൃത്തവും പിന്തുടരുന്ന കവിതകളാണ് മോദിയുടേത്. ലൗകികലോകവുമായി മോദി പങ്കിടാന്‍ വിമുഖത കാണിച്ച തികച്ചും സര്‍ഗാത്മകമായ മറ്റൊരു ലോകമാണ് കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ആഴമാര്‍ന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ഈ കവിതകള്‍ പ്രകടിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ പ്രകൃതിയുടെ മനോഹാരിതയും കവിതയ്ക്ക് വിഷയമാകുന്നു'- പ്രസാധകര്‍ മോദിയുടെ കവിതകളെ വിലയിരുത്തി.

'പുരോഗമനാശയങ്ങളുടെയും നിരാശയുടെയും വാഞ്ഛയുടെയും ധീരതയുടെയും അനുകമ്പയുടെയും കവിതകളാണിവ. ലൗകികവും നിഗൂഢവുമായ ചിന്തകളെ അദ്ദേഹം കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്നു. താന്‍ അനാവരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന അവ്യക്തതകളെയും കവിതകളില്‍ പരാമര്‍ശിക്കുന്നുണ്ട്. നിരന്തരവും വൈകാരികവുമായ ഊര്‍ജവും ചങ്കൂറ്റവും ശുഭാപ്തി വിശ്വാസവുമാണ് മോദിയുടെ രചനകളെ വേറിട്ടുനിര്‍ത്തുന്നത്' - വിവര്‍ത്തക അഭിപ്രായപ്പെട്ടതിങ്ങനെയാണ്.

2020-ല്‍ മോദി എഴുതിയ 'Letters To Mother' എന്ന പുസ്തകം മോദി തന്നെ സ്വയമൊരു യുവാവായി സങ്കല്പിച്ചുകൊണ്ട് ദേവമാതാവിന് എഴുതിയവയായിരുന്നു. അതും വിവര്‍ത്തനം ചെയ്തത് ഭാവ്‌ന സോമയ്യ ആയിരുന്നു. ഗുജറാത്തിയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ച നരേന്ദ്ര മോദിയുടെ Exam Warrior എന്ന പുസ്തകം വളരെയധികം വിറ്റുപോയിരുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പുസ്തകം അദ്ദേഹം എഴുതിയത്.

Share this story