ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : എൻ.ഡി.എയുടെ സ്ഥാനാർഥി ജഗ്ദീപ് ധൻഖറിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

google news
യുപി ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് മായാവതി

ലഖ്നോ: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.ഡി.എയുടെ സ്ഥാനാർഥി ജഗ്ദീപ് ധൻഖറിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. പൊതുതാല്പര്യവും പ്രസ്ഥാനത്തിന്‍റെ കാഴ്ചപ്പാടും കണക്കിലെടുത്താണ് എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കുന്നതെന്ന് മായാവതി വ്യക്തമാക്കി.

'പൊതുതാല്പര്യവും പ്രസ്ഥാനത്തിന്‍റെ കാഴ്ചപ്പാടും കണക്കിലെടുത്ത് ഉപരാഷ്ട്രപതി സ്ഥാനാർഥിയായ ജഗ്ദീപ് ധൻഖറിനെ പിന്തുണക്കാൻ ബി.എസ്.പി തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യം ഞാൻ ഔദ്യോഗികമായി അറിയിക്കുന്നു' മായാവതി ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 16നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്‍റെ സ്ഥാനാർഥി.

നേരത്തെ ബി.ജെ.ഡിയും ജഗ്ദീപ് ധൻഖറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടർമാരായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 780ൽ 394 വോട്ടുള്ള ബി.ജെ.പിക്ക്​ അനായാസം ജയിക്കാനാകും.

Tags