19കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
murder

റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19കാരിയെ കൊലപ്പെടുത്തിയ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് ഉടമയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഋഷികേശിനടുത്താണ് സംഭവം.ഉത്തരാഖണ്ഡ് സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ കാണാതായതായി വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരും പുല്‍കിതും ചേര്‍ന്ന് അങ്കിതയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തുകയായിരുന്നു. പുല്‍കിത് ആര്യയുടെ പങ്കിനെക്കുറിച്ച് സ്ത്രീയുടെ കുടുംബം നേരത്തെ തന്നെ സംശയിച്ചിരുന്നു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തി കനാലിലേക്ക് തള്ളിയിട്ടു എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിശദമായുള്ള ചോദ്യം ചെയ്യലിന് ശേഷം ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ബിജെപി ബന്ധം വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തുവന്നു.എന്നാല്‍ അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അങ്കിതയെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18നാണ് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോകുകയായിരുന്നു. പ്രതികളെ കോടതി 14 ജിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Share this story