മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

mullapperiyar and supreme court

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അണക്കെട്ട്‌ ബലപെടുത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഏകപക്ഷീയമായി ആറ് ദിവസങ്ങള്‍ക്ക് ശേഷം കേരളം പിന്‍വലിച്ചു എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കുന്നത്.

പിന്‍വലിച്ച അപേക്ഷ പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.അണക്കെട്ട്‌ ബലപെടുത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുനഃസംഘടിപ്പിക്കപ്പെട്ട മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാടിന്റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാര്‍ തടാകത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നതാണ് അപേക്ഷയിലെ മറ്റൊരു ആവശ്യം. വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ആയി ബന്ധപ്പെട്ട് ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാട് അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ അപേക്ഷ ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Share this story