കള്ളപ്പണം വെളുപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അന്വേഷണ ഏജൻസിക്കുമുന്നിൽ ഹാജരായി
dk

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡിക്കുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി. കെ ശിവകുമാർ. ഉച്ചക്ക് 12മണിയോടെയാണ് ശിവകുമാർ ചോദ്യം ചെയ്യലിനെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി ശിവകുമാറിന് സമൻസ് അയച്ചത്. എന്നാൽ ഇ.ഡി സമൻസ് അയച്ച കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവകുമാർ പറഞ്ഞു.

'ഭാരത് ജോഡോ യാത്രക്കും നിയമസഭാ സമ്മേളനത്തിനും ഇടയിൽ ഇ.ഡി എനിക്ക് ഹാജരാകാൻ വീണ്ടും സമൻസ് അയച്ചു. സഹകരിക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ സമൻസും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളും എന്‍റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ കടമകൾ നിർവഹിക്കുന്നതിന് തടസ്സമാവുന്നു' -ശിവകുമാർ ട്വീറ്റ് ചെയ്തു.

നേരത്തെ 2019 സെപ്റ്റംബർ 3 ന് മറ്റൊരു കേസിൽ ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അതേ വർഷം ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ കേസിൽ മെയിലാണ് ശിവകുമാറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. 

Share this story