ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

faisal

കൊച്ചി: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. പത്ത് വർഷത്തെ തടവുശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. മുഹമ്മദ് ഫൈസൽ അടക്കം നാല് പ്രതികൾക്കും ഉടൻ ജയിൽ മോചിതരാവാം. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

മുഹമ്മദ് ഫൈസലിന്‍റെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തത് മുഹമ്മദ് ഫൈസലിന്റേത് മാത്രമാണ്. രാഷ്ട്രീയത്തിൽ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമെന്ന് കോടതി പറഞ്ഞു.

2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. 

Share this story