അനുമതിയില്ലാതെ ഭൂമി വാങ്ങുകയോ വ്യാപാരം ചെയ്യുകയോ പാടില്ലെന്ന് അഭയാർഥികളോട് മിസോറാം സർക്കാർ
d,,d

ഐസ്വാൾ: അനുമതിയില്ലാതെ ഭൂമി വാങ്ങുകയോ വ്യാപാരം നടത്തുകയോ ചെയ്യരുതെന്ന് മ്യാന്മറിൽ നിന്നുള്ള അഭയാർഥികൾക്ക് നിർദേശം നൽകി മിസോറാം സർക്കാർ. മിസോറാമിൽ അഭയാർഥികൾ ഭൂമി വാങ്ങാനും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും ശ്രമിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ പുതിയ നിർദേശം പുറപ്പെടുവിച്ചത്.

അഭയാർഥികൾക്ക് തിരിച്ചറിയൽ രേഖ നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ചതായും എന്നാൽ ആധാറിൽ പേരുചേർക്കുന്നത് വിലക്കിയതായും അധികൃതർ അറിയിച്ചു. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മിസോറാം സർക്കാർ പ്രദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഔദ്യോഗിക രേഖകളനുസരിച്ച് മിസോറാമിലെ 150 ക്യാമ്പുകളിലായി 30,000 അഭയാർഥികളാണുള്ളത്. സ്വദേശത്തുനിന്ന് വാഹനങ്ങൾ കൊണ്ടുവരുന്നതിന് പ്രാദേശിക ഭരണകൂടത്തിൽ നിന്ന് അനുമതി വാങ്ങണമെന്നും നേരത്തെ ഐസ്വാൾ ജില്ല ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മ്യാന്മറുമായി 510 കിലോമീറ്ററോളം മിസോറാം അതിർത്തി പങ്കിടുന്നുണ്ട്. മ്യാൻമറിൽ നിന്നു കുടിയേറിയ അഭയാർഥികളിൽ ഭൂരിഭാഗവും സംസ്ഥാന സർക്കാറിന്‍റെയും പ്രാദേശിക ഭരണകൂടത്തിന്‍റെയും ക്യാമ്പുകളിലാണ് കഴിയുന്നത്. ബന്ധുക്കളുടെ വീടുകളിലും വാടകവീടുകളിലും താമസിക്കുന്നവരുമുണ്ട്.

Share this story