വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല, അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണെന്ന് മദ്രാസ് ഹൈക്കോടതി

google news
madras highcourt

ഡൽഹി : വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല, അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണെന്ന് മദ്രാസ് ഹൈക്കോടതി. 2009-ൽ വിവാഹിതരായി 2021 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ സിംഗിൾ ബെഞ്ച് പരിഗണിക്കവെയായിരുന്നു വിമർശനം.

ഭർത്താവിനൊപ്പം താമസിക്കുന്ന ഒമ്പതും ആറും വയസ്സുള്ള മക്കളെയാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ദർശനാവകാശം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് പാലിക്കാൻ ഭർത്താവ് വിസമ്മതിക്കുകയാണെന്ന് യുവതി കോടതിയിൽ പറഞ്ഞിരുന്നു. ഭാര്യാഭർത്താക്കന്മാർ യുദ്ധത്തിലേർപ്പെടുകയും കുട്ടികൾ ഏറ്റുമുട്ടലിൽ അകപ്പെടുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹം എന്ന സങ്കൽപ്പം കേവലം ലൈംഗീക സുഖത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് പ്രധാനമായും സന്താനോൽപ്പാദനത്തിന് വേണ്ടിയുള്ളതാണെന്നും, വിവാഹം എന്ന് പറയുന്നത് പവിത്രമായ ഒരു ഉടമ്പടി ആണെന്നും ഊന്നിപ്പറയാനും ബോധിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് കോടതി പറഞ്ഞു.

“പവിത്രമായ വിവാഹത്തിൽ നിന്ന് ജനിച്ച കുട്ടി, രണ്ട് വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. ഈ വസ്തുത തിരിച്ചറിയാതെ, ഇതിനെതിരായി വ്യക്തികൾ പെരുമാറുമ്പോൾ ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ആണ് കഷ്ടപ്പെടുന്നതെന്നും കോടതി വിമർശിച്ചു.

Tags