മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം
fish1

മംഗളൂരു : മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവിലെ ബജ്പെയിലെ ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്. പശ്‌ചിമബംഗാൾ സ്വദേശികളായ ഒമർ ഫാറൂഖ്, നിജാമുദീൻ, ഷറഫാത്ത് അലി, സമിയുള്ള ഇസ്‌ലാം, മിർസുൽ ഇസ്‌ലാം എന്നിവരാണ് മരിച്ചത്.

ഗുരുതരമായ പരിക്കുകളോടെ അജൻ അലി, കരീബുള്ള, അഫ്‌സൽ മാലിക് എന്നിവരെ മംഗളൂരുവിലെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അർധ രാത്രിയോടെയാണ് അപകടം. ടാങ്കിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് ജോലി ചെയ്യിപ്പിക്കുന്നതെന്ന് ഫാക്‌ടറി സന്ദർശിച്ച ഡിസിപി ഹരിറാം ശങ്കർ പറഞ്ഞു. സംഭവത്തിൽ ഫാക്‌ടറി മാനേജർ റൂബി ജോസഫ് ഉൾപ്പടെ നാല് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. മരിച്ചവരുടെ മൃതദേഹം എജെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share this story