ബിജെപി വിരുദ്ധ മുന്നണിക്കായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ മമത തയ്യാര്‍': ശരദ് പവാര്‍
Sharad Pawar

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മറ്റ് സംസ്ഥാനങ്ങളിലെ ചില നേതാക്കള്‍ക്കും ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി ഒരുമിച്ചുനില്‍ക്കാനും ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് മമത ബാനര്‍ജി വ്യക്തമാക്കി', ശരദ് പവാര്‍ പറഞ്ഞുപശ്ചിമ ബംഗാള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള അനുഭവം മറക്കാന്‍ താന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌സിപിഐഎം സഖ്യം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചെന്നും മമത വ്യക്തമാക്കിയെന്നും എന്‍സിപി മേധാവി പറഞ്ഞു. 'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ടിഎംസിയുടെ അണികള്‍ക്ക് കോണ്‍ഗ്രസ് നിലപാടിനോട് കടുത്ത നിരാശയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി മേധാവി അവരുടെ നിലപാട് തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി വന്‍ വിജയം നേടിയിരുന്നു.
സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണവും പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ഞങ്ങളുടെ ചര്‍ച്ച. ബിജെപി നയിക്കുന്ന നിലവിലെ ഭരണത്തിന് ബദല്‍ വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസിനോടൊപ്പം വിശാല ഐക്യം രൂപീകരിക്കാന്‍ നിരവധി പാര്‍ട്ടികള്‍ തയ്യാറാണ്'. നിതീഷ് കുമാറുമായും ഫാറൂഖ് അബ്ദുള്ളയുമായും നടത്തിയ ചര്‍ച്ച വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Share this story