മധ്യപ്രദേശിൽ പഞ്ചായത്ത് സെക്രട്ടറിയുടെ മൂന്ന് ഭാര്യമാർ സ്ഥാനാർഥികളായി, ഒരാളുടെകാര്യം മറച്ചുവെച്ചു : നടപടിയെടുത്ത് അധികൃതര്‍

google news
madyapradesh

ഭോപ്പാല്‍: മധ്യപ്രദേശിലെ സിങ്‌റൗലി ജില്ലയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്ന് ഭാര്യമാര്‍ മത്സരത്തിനിറങ്ങിയതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുത്തു. മൂന്നാം ഭാര്യയെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി മറച്ചുവെച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ സര്‍പഞ്ച് (ഗ്രാമ അധ്യക്ഷ) സ്ഥാനത്തേക്ക് പരസ്പരമാണ് മത്സരിക്കുന്നത്. വില്ലേജ് പഞ്ചായത്ത് സെക്രട്ടറി സുഖ്‌റാം സിങിനെ ഭര്‍ത്താവിന്റെ പേരായി നാമനിര്‍ദേശ പത്രികയില്‍ മൂന്ന് പേരും നല്‍കിയത്.

സുഖ്‌റാം സിങിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അച്ചടക്ക നടപടി എടുക്കണമെന്ന് നിര്‍ദേശിച്ച് ദേവസര്‍ ജന്‍പദ് പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.കെ.സിങ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംങ്ങളോ ബന്ധുക്കളോ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞിരുന്നുവെന്ന് ബി കെ സിംഗ് പറഞ്ഞു.

എന്നാല്‍ സുഖ്‌റാം സിങ് തന്റെ രണ്ട് ഭാര്യമാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ ഭാര്യയെ കുറിച്ച് വിവരം നല്‍കിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് സുഖ്‌റാം സിങിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അതിന് മറുപടി നല്‍കിയിരുന്നില്ല.

പിപര്‍ഖഡ് പഞ്ചായത്തിലെ സര്‍പഞ്ച് സ്ഥാനത്തേക്കാണ് സുഖ്‌റാം സിങിന്റെ ഭാര്യമാരായ കുസുകലി സിങും ഗീതാ സിങും പരസ്പരം മത്സരിക്കുന്നത്. നേരത്തെ ഈ പഞ്ചായത്തിലെ സര്‍പഞ്ചായിരുന്നു ഗീതാ സിങ്.

സുഖ്‌റാം സിങിന്റെ മറ്റൊരു ഭാര്യ ഊര്‍മിള സിങ് ജന്‍പദ് പഞ്ചായത്തിലെ വാര്‍ഡിലേക്കാണ് മത്സരിക്കുന്നത്.

Tags