തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

thushar vllappally

തെലങ്കാന ഓപ്പറേഷൻ ലോട്ടസ് കേസിൽ എൻഡിഎയുടെ കേരളത്തിലെ കൺവീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കൂടുതൽ സമയം തേടി.മൊബൈൽ ഫോൺ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ബിഎൽ സന്തോഷിന് അയച്ച നോട്ടീസിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.

തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ പദ്ധതിക്ക് പിന്നിൽ പ്രധാനമായി പ്രവർത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിൻറെ വീഡിയോ, കോൾ റെക്കോർഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ർ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

Share this story