ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ച് കമല്‍നാഥ്; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി
kamal nath

ക്ഷേത്രാകൃതിയില്‍ നിര്‍മ്മിച്ച കേക്ക് മുറിച്ച് വിവാദത്തിലായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് കാണിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കുങ്കുമ നിറത്തിലുളള കൊടിയും ഏറ്റവും മുകള്‍ ഭാഗത്തായി ഹനുമാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ള ക്ഷേത്രാകൃതിയിലുള്ള കേക്കാണ് കമല്‍നാഥ് മുറിച്ചത്. ജന്മനാടായ ചിന്ത്വാരയില്‍ മൂന്ന് ദവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു കമല്‍നാഥ്. തന്റെ ചിന്ത്വാരയിലുള്ള വസതിയില്‍ വരാനിരിക്കുന്ന പിറന്നാള്‍ ദിനത്തിന്റെ മുന്നോടിയായാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. നവംബര്‍ 18 നാണ് കമല്‍നാഥിന്റെ പിറന്നാള്‍.

ചൊവ്വാഴ്ച്ച വൈകുന്നേരം നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്. ഹിന്ദുത്വത്തെയും സനാതന പാരമ്പര്യത്തേയും അപമാനിക്കലാണ് കമല്‍നാഥിന്റെ നടപടിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പ്രതികരിച്ചു. ഇത് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു

Share this story