ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ
rape

ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാറിലെത്തിയ അഞ്ചംഗ സംഘം 15 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദലദാലി ചൗക്കിന് സമീപമുള്ള റസ്റ്റോറന്റിന് പുറത്ത് കാർ നിർത്തിയ പ്രതികൾ വാഹനത്തിനുള്ളിൽ വച്ചുതന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

പതിവ് പട്രോളിങ്ങിനിടെ പെൺകുട്ടിയുടെ കരച്ചിൽ കേട്ട പൊലീസ്, കാറിനടുത്തെത്തി പരിശോധന നടത്തി. ഈ സമയം 5 പേർ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഉടൻ ഇവരെ അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടി റാഞ്ചിയിലെ ധുർവ പ്രദേശത്താണ് താമസിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടി എങ്ങനെയാണ് റാതു മേഖലയിൽ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

Share this story