ഹൗറയിൽ 49 ലക്ഷവുമായി പിടിയിലായ ഝാർഖണ്ഡ് കോൺഗ്രസ് എം.എൽ.എമാർക്ക് സസ്പെൻഷൻ

google news
suspended

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ 49 ലക്ഷം രൂപയുമായി പിടിയിലായ ഝാർഖണ്ഡിലെ കോൺഗ്രസ് എം.എൽ.എമാരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചചപ്, നമൻ ബിക്സൽ കോംഗാരി എന്നിവർക്കാണ് സസ്പെൻഷൻ.

പണവുമായി പിടിയിലായ മൂന്ന് എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഝാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷനും ജനറൽ സെക്രട്ടറിയുമായ അവിനാഷ് പാണ്ഡെ അറിയിച്ചു. ജമാത്രയിൽ നിന്നുള്ള എം.എൽ.എയാണ് ഇർഫാൻ അൻസാരി, കച്ചചപ് ഖിർജി എം.എൽ.എയാണ്, കോംഗാരി കോലേബിറ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

കോൺഗ്രസ്-ഝാർഖണ്ഡ് മുക്തി മോർച്ച സർക്കാറിനെ അട്ടിമറിക്കാനായി ബി.ജെ.പിയാണ് എം.എൽ.എമാർക്ക് പണം നൽകിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. നേരത്തെ ഝാർഖണ്ഡിലെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തിയിരുന്നു.
 

Tags