ഉന്നത വിദ്യാഭ്യാസം : പെൺകുട്ടികൾക്ക് 5000 രൂപ സ്കോളർഷിപ്പും സൗജന്യ യാത്രയും അനുവദിക്കാൻ ശുപാർശ
exam

ന്യൂഡൽഹി : പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്കോളർഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്നു സ്ത്രീകളുടെ വിവാഹപ്രായ പരിഷ്കരണം പഠിക്കാൻ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതി ശുപാർശ ചെയ്തു. സമിതിയുടെ റിപ്പോർട്ട് വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുളള ബിൽ പഠിക്കാനുള്ള പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു.

ഉഡാൻ, പ്രഗതി പദ്ധതികളിലെ സ്കോളർഷിപ് 10,000 രൂപയാക്കി വർധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 21 വയസ്സുവരെയാക്കണമെന്നും ശുപാർശയുണ്ട്. വനിതകളുടെ വിവാഹപ്രായം 21 ആക്കുന്നത് വിജ്ഞാപനം ചെയ്ത് 2 വർഷത്തിനകം പ്രാബല്യത്തിൽ വരുത്തുകയോ ഓരോ വർഷവും പ്രായം വർധിപ്പിച്ച് 3 വർഷത്തിനുള്ളിൽ 21 ആക്കുകയോ ചെയ്യാമെന്നാണ് നിർദേശം. ഓരോ വർഷവും പ്രായം കൂട്ടിയാൽ ആശയക്കുഴപ്പം മൂലം പാവപ്പെട്ടവർ ശിക്ഷാനടപടികൾക്കു വിധേയരാകാൻ ഇടയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

ആളുകൾക്ക് മാനസികമായി തയാറെടുക്കാൻ വിജ്ഞാപനത്തിനു ശേഷം 2 വർഷം കൊടുക്കുന്ന രീതിയിൽ ആശയക്കുഴപ്പമുണ്ടാകില്ലെങ്കിലും ഒറ്റയടിക്ക് 3 വർഷം വർധിപ്പിക്കുന്നതു പ്രശ്നമുണ്ടാക്കിയേക്കാമെന്നും സമിതി പറഞ്ഞു. പെൺകുട്ടികൾക്ക് ടാബ്‍ലറ്റും ലാപ്ടോപ്പും നൽകുക, പ്രഫഷനൽ കോഴ്സുകളിൽ വനിത ക്വോട്ട അനുവദിക്കുക തുടങ്ങിയ ശുപാർശകളും നൽകിയിട്ടുണ്ട്.

Share this story