ജഹാംഗീർപുരി അക്രമം; 5 പേർക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
policed

ന്യൂഡെൽഹി: ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികൾക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹി പോലീസിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണിത്.

ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത സോനു ഷെയ്ഖ്, അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന അൻസാർ, സലിം, ദിൽഷാദ്, ആഹിർ എന്നിവർക്ക് എതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഹനുമാൻ ജയന്തി ദിനത്തിൽ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായത് മുതൽ ആഭ്യന്തരമന്ത്രി സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

ഡെൽഹി സിപിയുമായും സ്‌പെഷ്യൽ സിപിയുമായും അദ്ദേഹം സംസാരിച്ചു, ക്രമസമാധാനം ‘കർശനമായി’ പരിപാലിക്കാൻ നിർദ്ദേശിച്ചു. അക്രമികൾക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ആണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്നുണ്ടായ അക്രമത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആളുകൾ ഉൾപ്പടെ 27 പേർ ഇതുവരെ അറസ്‌റ്റിൽ ആയിട്ടുണ്ട്.

Share this story