60ലധികം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നതായി ആരോപണം ; പ്രതിഷേധം ശക്തം
arrested

വനിതാ ഹോസ്റ്റലിലെ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം ചോര്‍ത്തിയെന്നുള്ള ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ പെണ്‍കുട്ടികള്‍ ഒന്നടങ്കം ഞെട്ടിനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ കയറിയപ്പോഴുള്ള ദൃശ്യങ്ങള്‍ അതേ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി ഒളിക്യാമറ വെച്ച് പകര്‍ത്തി തന്റെ ആണ്‍ സുഹൃത്തിന് അയച്ചെന്ന സംശയമാണ് ആശങ്കക്ക് കാരണം. ആരോപണ വിധേയയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു.

ആ കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മാത്രമാണ് ആണ്‍സുഹൃത്തിന് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ആണ്‍സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥി സഹപാഠികളായ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകര്‍ത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. പരാതി നല്‍കിയിട്ടും സര്‍വകലാശാല അധികൃതര്‍ അവഗണിച്ചു. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതോടെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ആരോപണം നേരിട്ട ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു.

എന്നാല്‍, മൊബൈലില്‍ വിദ്യാര്‍ത്ഥിനിയുടെ സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. പിന്നീട് മൊഹാലി എസ്പി മാധ്യമങ്ങളെ കണ്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥിനി മറ്റാരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ സര്‍വകലാശാലയും വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രകോപിതരായി പ്രതിഷേധത്തിനിറങ്ങിയത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തായ ഷിംല സ്വദേശിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പിന്നീട് പഞ്ചാബ് ഐജി അറിയിച്ചു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉത്തരവിട്ടിട്ടുണ്ട്. 

Share this story