ആഗോള താപനത്തിന് എതിരേ ഒറ്റക്കെട്ടായി പൊരുതാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ് : ഭൂപേന്ദര്‍ യാദവ്
YADAV

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാലാവസ്ഥാ നയങ്ങളും താത്പര്യങ്ങളും ഒരേ സമയം തീവ്രവും ലോക നന്മ കൂടി ലക്ഷ്യം വെച്ചുള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ആഗോള ശരാശരിയുടെ മൂന്നിലൊന്നാണ് രാജ്യത്തിന്റെ പ്രതിവര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമന തോതെങ്കിലും  ലോക നന്മയാണ് ഇന്ത്യയുടെയും അന്തിമ ലക്ഷ്യമെന്നും യാദവ് അഭിപ്രായപ്പെട്ടു. മേജര്‍ എക്കണോമീസ് ഫോറം ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് (എംഇഎഫ്) വെര്‍ച്വല്‍ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആഗോള താപനത്തിന് എതിരേ ഒറ്റക്കെട്ടായി പൊരുതാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ഈ യാത്ര ഒറ്റക്കെട്ടായി തുടരണം, ആരെയും പിന്നിലാക്കരുത്. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന രാജ്യങ്ങളാണ് വഴിക്കാട്ടിയാവേണ്ടത്", ഭൂപേന്ദര്‍ അഭിപ്രായപ്പെട്ടു.

ഊര്‍ജ ക്ഷമത ഉറപ്പ് വരുത്താനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് എതിരേ പൊരുതാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നേതൃത്വം നല്‍കിയത്.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ ഒരു തുടക്കമെന്ന നിലയില്‍ രാജ്യം ജൈവ ഇന്ധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള വൈദ്യുതി ഉത്പാദന സംവിധാനങ്ങള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. 159 ജിഗാവാട്ട് ശേഷിയാണ് ഇതിന് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ രാജ്യത്തിന്റെ സൗരോര്‍ജ ഉത്പാദന ക്ഷമതയില്‍ 18 മടങ്ങ് വര്‍ധനയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ രാജ്യങ്ങളും അവരവരുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിലേക്ക് സംഭാവന ചെയ്യേണ്ടതുണ്ട്. ശരിയായ തീരുമാനങ്ങളും കൂട്ടായ പരിശ്രമങ്ങളുമാണ് ഭൂമിയുടെ വരുന്ന 50 വര്‍ഷങ്ങളെ നിശ്ചയിക്കുക. കോപ് 26 കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പിന്‍താങ്ങിയ ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എന്ന ആഗോള ആശയം പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളും ഗുണം ചെയ്യുമെന്ന് മേജര്‍ എക്കണോമീസ് ഫോറം ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലൈമറ്റില്‍ അംഗത്വമുള്ള രാജ്യങ്ങളോട് യാദവ് നിര്‍ദേശിച്ചു.

Share this story