ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

google news
Vice President Venkaiah Naidu


ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യയെന്നും മതത്തിന്റെ വേർതിരിവില്ലാതെ ആർക്കും ഭരണഘടനാപരമായ പരമോന്നത സ്ഥാനം വഹിക്കാമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡർഷിപ്പിലെ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് ഉപ-രാഷ്ട്രപതി മതേതരത്വത്തെപ്പറ്റി വാചാലനായത്. ഇന്ത്യക്കാർ അവരുടെ സ്വന്തം സംസ്‌കാരത്തിൽ അഭിമാനിക്കുക മാത്രമല്ല, എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുക കൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തിൽ തീവ്രവാദത്തിനും വിഭജനത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. ഏതെങ്കിലും മതത്തെയോ മതപരമായ പ്രതീകങ്ങളെയോ അവഹേളിക്കുന്നത് ശരിയല്ല. അത് ബഹുസ്വരതയിൽ വിശ്വസിക്കുന്ന ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണ്. നിയമനിർമ്മാണ സഭകളിലെ തടസവാദങ്ങളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ ചെയ്യുന്നത് എന്ന് പാർട്ടികൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമനിർമ്മാണ സഭകളിലെ മോശം പെരുമാറ്റം ഉയർത്തിക്കാട്ടുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും എന്നാൽ ക്രിയാത്മക സംവാദങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു നല്ല നേതാവാകുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനം, നല്ല ആശയവിനിമയ ശേഷി, ആളുകളുമായി നിരന്തരമുള്ള ഇടപഴകൽ എന്നിവ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags