66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറുപ്പുകൾക്കെതിരേ കേന്ദ്രസർക്കാർ അന്വേഷണം

fkhj

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനി നിര്‍മിച്ച ചുമയ്ക്കുള്ള നാല് മരുന്നുകള്‍ക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഹരിയാണ ആസ്ഥാനമായ മെയ്ഡിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം.

വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്നതായി കഴിഞ്ഞദിവസം ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ട്വീറ്റ് ചെയ്തിരുന്നു. കിഡ്നി തകരാറിലായാണ് കുട്ടികള്‍ മരിച്ചത്.തുടര്‍ന്നാണ് അന്വേഷണം.

സെപ്റ്റംബര്‍ 29-ന് തന്നെ ഈ കഫ് സിറപ്പുകളെ സംബന്ധിച്ച് ലോകാരോഗ്യ സഘടന ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ ഹരിയാണ റെഗുലേറ്ററി അഥോറിറ്റിയുമായി ബന്ധപ്പെടുകയും വിശദമായ അന്വേഷണം ആരഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു. ഗാംബിയന്‍ സര്‍ക്കാരും ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Share this story