യുപിയില്‍ കബഡി താരങ്ങള്‍ക്ക് ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

google news
kabadi

ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സംസ്ഥാനതല സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിനെത്തിയ താരങ്ങള്‍ക്കാണ് പുരുഷന്‍മാരുടെ ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കിയത്. ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം കുട്ടികള്‍ ഭക്ഷണം എടുത്ത് കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറത്ത് വന്നത്.
ഇതിന് പിന്നാലെ സഹരന്‍പുര്‍ ജില്ലാ സ്‌പോട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേനയെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ പാചകക്കാരെയും ഭക്ഷണ വിതരണക്കാരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരുതരത്തിലുള്ള ജോലിയും ഇവര്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കായികവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.ഭക്ഷണം പാചകം ചെയ്തത് സമീപത്തെ നീന്തല്‍ക്കുളത്തിനരികിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കളക്ടര്‍ അറിയിച്ചു. മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തത് രണ്ട് പേര്‍ ചേര്‍ന്നാണ്. പിന്നീട് ഭക്ഷണം ശൗചാലയത്തിലേക്ക് മാറ്റി. വൃത്തിഹീനമായ രീതിയില്‍ പാകം ചെയ്ത ഭക്ഷണം പകുതി മാത്രമെ വെന്തിരുന്നുള്ളൂ. പേപ്പര്‍ വിരിച്ച് തറയിലാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയ പൂരി സൂക്ഷിച്ചിരുന്നത്.മത്സരത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് അറിവില്ലായിരുന്നെന്ന് കളക്ടര്‍ വിശദീകരിച്ചു. 
 

Tags