ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

ആം ആദ്മി പാര്‍ട്ടിക്ക് പിന്നാലെ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. ചൊവ്വാഴ്ച വൈകിട്ട് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. അന്തിമ അനുമതിക്കായി പട്ടിക പൊളിറ്റ് ബ്യൂറോയിലേക്ക് അയക്കുമെന്ന് സിപിഐഎം ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി ഓങ്കാര്‍ ഷാദ് പറഞ്ഞു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗണ്യമായ വോട്ടുകളുള്ള 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് ഷാദ് പറഞ്ഞു. ബാക്കി സ്ഥാനാര്‍ത്ഥികളെ സെപ്റ്റംബര്‍ 26ന് പ്രഖ്യാപിക്കും. ഹിമാചലിലെ ചില മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് ഗണ്യമായ വോട്ടുകളുണ്ട്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് കാര്യമായ വിജയം നേടാനായിട്ടില്ല.ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി നേതാവും ഷിംല മുന്‍ മേയറുമായ സഞ്ജയ് ചൗഹാന്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഏക സിപിഐഎം എംഎല്‍എയായ രാകേഷ് സിംഗ് വീണ്ടും തിയോഗ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാകേഷ് വര്‍മയെ പരാജയപ്പെടുത്തി 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭയിലേക്കുള്ള പ്രവേശനമായിരുന്നു രാകേഷിലൂടെ സിപിഐഎം നേടിയത്.

Share this story