തന്റെ ആളുകളോട് മോശമായി പെരുമാറുന്നവരെ വെടിവെക്കും ; ഭീഷണിയുമായി ബിജെപി വിമത സ്ഥാനാര്‍ത്ഥി

rebel

തന്റെ ആളുകളോട് മോശമായി പെരുമാറുന്നവരെ വെടിവെക്കുമെന്ന് ഭീഷണിയുമായി ഗുജറാത്തിലെ സിറ്റിംഗ് എംഎല്‍എയും വിമതനുമായ മധു ശ്രീവാസ്തവ്. അടുത്തിടെയാണ് മധു ബിജെപി വിട്ടത്.  സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന്  ബിജെപി വിട്ട മധു ശ്രീ വാസ്തവ് ഇക്കുറി സ്വതന്ത്രനായാണ് മത്സരിക്കുന്നത്. 'ഞാന്‍ പോരാടുന്നത് സ്വതന്ത്രനായാണ്. എന്റെ ആളുകളോട് ആരോടെങ്കിലും ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവരെ ഞാന്‍ വെടിവെക്കും'. വഡോദരയിലെ വാങോഡിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അദ്ദേഹം പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് മധു ശ്രീവാസ്തവ. 
വഡോദരയിലെ വഗോഡിയയില്‍ നിന്നുള്ള  എംഎല്‍എയാണ് മധു ശ്രീവാസ്തവ്.  ലാന്‍ഡ് ഡെവലപ്പറായ ഇയാള്‍ ബെസ്റ്റ് ബേക്കറി കേസില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട 18 പേരെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ കൂടി നിലവിലുണ്ട്. 2008ല്‍ പൊതു ഇടങ്ങളില്‍ ശല്യമുണ്ടാക്കിയെന്നാരോപിച്ച് വഡോദര പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014ല്‍ അദ്ദേഹം   'ലയണ്‍ ഓഫ് ഗുജറാത്ത്' എന്ന ഗുജറാത്തി സിനിമ നിര്‍മ്മിച്ചു. ഇതില്‍ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആറ് തവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. 

Share this story