ഹനുമാൻ ജയന്തിക്കിടെ സംഘർഷം ; ഡൽഹിയിൽ 20 പേർ അറസ്‌റ്റിൽ
arrest

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഡെൽഹിയിൽ 20 പേരെ അറസ്‌റ്റ്‌ ചെയ്‌തു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്‌റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡെൽഹി പോലീസ് സബ് ഇൻസ്‌പെക്‌ടർ മെദലാൽ മീണക്ക് നേരെ വെടിയുതിർത്ത അസ്‌ലമും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്‌റ്റൾ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് നടന്ന അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു.

ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്. കേസിൽ അറസ്‌റ്റ് തുടരുകയാണ്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്നും പോലീസ് പറയുന്നു.

സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ അതീവ ജാഗ്രത തുടരുകയാണ്. ജഹാംഗീർപൂരിയിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. പോലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറാൻ ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാന യോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിക്ഷ്‌പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

Share this story