രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ വൻ തീപ്പിടിത്തം : ഒരാൾ മരിച്ചു
fire accident on sett

മുംബൈ: രൺബീർ കപൂർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിൽ വൻ അ​ഗ്നിബാധ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. രൺബീർ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്. പത്ത് അ​ഗ്നിശമനസേനാ യൂണിറ്റുകൾ എത്തി.യാണ് തീയണച്ചത്. സംഭവത്തേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഷോപ്പിൽ നിന്ന് തീ പടർന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള പ്രാഥമികവിവരം. നായകനും നായികയും ചേർന്നുള്ള ​ഗാനരം​ഗമായിരുന്നു ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.

രൺബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Share this story