മകന്റെ മൃതദേഹം തോളിലേറ്റി അച്ഛന്‍; സഹായിക്കാന്‍ ഓടിയെത്തി സൈനികര്‍
dead
നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം തോളില്‍ ചുമക്കുന്ന വീഡിയോ വൈറലായിരുന്നു.

ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കനത്ത മഴയ്ക്കിടയിലും മകന്റെ മൃതദേഹവുമായി ഒരച്ഛന്‍ നടന്നത് കിലോമീറ്ററോളം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം. നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം തോളില്‍ ചുമക്കുന്ന വീഡിയോ വൈറലായിരുന്നു.
വൈദ്യുതാഘാതമേറ്റ് മരിച്ച മകന്റെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ സ്വരൂപാണി നെഹ്‌റു ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയിരുന്നില്ല. ആംബുലന്‍സ് ഡ്രൈവര്‍മാരെ ബന്ധപ്പെട്ടപ്പോള്‍ പണം ആവശ്യപ്പെട്ടെന്നും പണമില്ലാത്തതിനാല്‍ മൃതദേഹം തോളിലേറ്റി വീട്ടിലേക്ക് പോയെന്നും പിതാവ് പറഞ്ഞു. യമുന പാലത്തിന് സമീപം സൈനിക ഉദ്യോഗസ്ഥര്‍ തന്നെ കണ്ട് വാഹനം നിര്‍ത്തി. സംഭവം കേട്ടശേഷം അവരുടെ വണ്ടിയില്‍ മൃതദേഹം കര്‍ച്ചനയില്‍ എത്തിച്ചതായും പിതാവ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നതോടെ കമ്മീഷണര്‍ സിഎംഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പ്രയാഗ്രാജ് ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. ഈ കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് ഭരണസംവിധാനം തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

Share this story