തെരഞ്ഞെടുക്കപ്പെടാൻ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്ന് ഏക്നാഥ് ഷിൻഡെ
eknath shinde

മുംബൈ: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാൻ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തന്‍റെ മണ്ഡലത്തിനായി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാൻ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' സംബന്ധിച്ച് ശിവസേനയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള അവകാശതർക്കം തെരഞ്ഞെടുപ്പ് കമീഷന്‍റെ പരിഗണനയിലിരിക്കെയാണ് ഷിൻഡെയുടെ പരാമർശം.

'ആര് ആരെയാണ് വഞ്ചിച്ചത്? ഞങ്ങളോ അതോ മറ്റാരെങ്കിലുമോ? ഞങ്ങൾ ശിവസേനയുടെ സ്വാഭാവിക സഖ്യം മാത്രമാണ് ഉണ്ടാക്കിയത്. ഈ സർക്കാർ ജനങ്ങളുടെ സർക്കാരാണ്'- ഷിൻഡെ പറഞ്ഞു.

ജൂണിലാണ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സഖ്യസർക്കാരിനെ ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിലൂടെ അട്ടിമറിച്ചത്. തുടർന്ന് ഷിൻഡെ വിഭാഗത്തിനോടും ഉദ്ധവ് പക്ഷത്തോടും തെരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് എട്ടോടെ ഹാജരാക്കാൻ ഇലക്ഷൻ കമീഷൻ നിർദ്ദേശം നൽകിയിരുന്നു.

തങ്ങൾ വിമതരോ രാജ്യദ്രോഹികളോ ആയിരുന്നെങ്കിൽ തങ്ങൾക്ക് സാധാരണക്കാരുടെ പിന്തുണ ലഭിക്കുമായിരുന്നോ എന്ന് ചോദിച്ച ഷിൻഡെ ബാലാസാഹേബ് താക്കറയുടെ ശിവസേനയെ രക്ഷിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ ജനങ്ങൾ അംഗീകരിച്ചുവെന്നും പറഞ്ഞു.
നേരത്തെ മഹാരാഷ്ട്ര ഒരിക്കലും വഞ്ചന പൊറുക്കില്ലെന്നും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ തകരുമെന്നും യുവസേന തലവനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞിരുന്നു.

Share this story