ഗുണം ഘടക കക്ഷികൾക്ക്, 'ശിവ സൈനികർ'ക്ക് അവഗണന മാത്രം ; ഏക്‌നാഥ് ഷിൻഡെ
eknadh

മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് എതിരെ വിമത എംഎൽഎയും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാവികാസ് അഘാഡി സർക്കാരിനെക്കൊണ്ട് ഘടക കക്ഷികൾക്ക് മാത്രമേ ഗുണമുള്ളൂവെന്നും ശിവ സൈനികർ എപ്പോഴും അവഗണിക്കപ്പെടുക ആണെന്നും ഷിൻഡെ ആരോപിച്ചു.

“കഴിഞ്ഞ രണ്ടര വർഷമായി, എം‌വി‌എ സർക്കാർ ഘടക കക്ഷികൾക്ക് (കോൺഗ്രസ്, എൻ‌സി‌പി) മാത്രമേ ഗുണം ചെയ്‌തുള്ളൂ. ശിവസൈനികർ അവഗണിക്കപ്പെട്ടു. പാർട്ടിയുടെയും ശിവസൈനികരുടെയും നിലനിൽപ്പിന് ‘അസ്വാഭാവിക’ സഖ്യത്തിൽ നിന്ന് പുറത്തുകടക്കേണ്ടത് അനിവാര്യമാണ്. മഹാരാഷ്‌ട്രയുടെ താൽപര്യം കണക്കിലെടുത്ത് ഇപ്പോൾ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്,”- ഷിൻഡെ പറഞ്ഞു.

അതേസമയം, എംഎൽഎമാർക്ക് വേണ്ടെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. “ഞാൻ മുഖ്യമന്ത്രിയായി തുടരുന്നതിൽ ഏതെങ്കിലും എംഎൽഎക്ക് താൽപര്യക്കുറവ് ഉണ്ടെങ്കിൽ, എന്റെ എല്ലാ സാധനങ്ങളും വെർഷ ബംഗ്ളാവിൽ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) നിന്ന് മാതോശ്രീയിലേക്ക് കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്,”- ഉദ്ധവ് താക്കറെ വ്യക്‌തമാക്കി.

“നിങ്ങൾ (എം‌എൽ‌എമാർ) പറഞ്ഞാൽ, ഞാൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാൻ തയ്യാറാണ്, ഇത് എണ്ണത്തിലല്ല, എത്ര പേർ എന്നെ എതിർക്കുന്നു എന്നതിനെക്കുറിച്ചാണ്. ഒരാളോ ഒരു എം‌എൽ‌എയോ പോലും എനിക്ക് എതിരാണെങ്കിൽ ഞാൻ പോകും. ഒരു എംഎൽഎ ആണെങ്കിലും എനിക്ക് എതിരാണ് എങ്കിൽ അത് തന്നെ സംബന്ധിച്ച് വളരെ ലജ്ജാകരമാണ്,”- അദ്ദേഹം പറഞ്ഞു.

കോൺഗ്രസോ എൻസിപിയോ പറഞ്ഞിരുന്നെങ്കിൽ ഞാൻ മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് ഒഴിയേണ്ടിവന്നേനെ, പക്ഷെ ഇവിടെ സ്‌ഥിതി വ്യത്യസ്‌തമാണ്, കോൺഗ്രസ് നേതാവ് കമൽ നാഥും പറഞ്ഞു ഞാൻ മുഖ്യമന്ത്രി സ്‌ഥാനത്ത് ഉണ്ടാവണം എന്ന്. എന്നാൽ എന്റെ എംഎൽഎമാർക്ക് എന്നെ വേണ്ട. ഞാൻ എന്ത് പറയാനാണ്,”- ഉദ്ധവ് പറഞ്ഞു.

Share this story