ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല; ഇ ഡിക്ക് കത്ത് നൽകി

google news
sonia gandhi


നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി  നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം. അതേസമയം, ചോദ്യം ചെയ്ത് ഭയപ്പെടുത്താനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേസില്‍ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. 

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർച്ചൻഡെയ്സ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങളാണ്  ഇ ഡി രാഹുലിൽ നിന്നും തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. അതേസമയം, ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും.

Tags