രാജ്യത്തെ എല്ലാ ഇവി ചാർജിങ് സ്റ്റേഷനുകളും ഒറ്റ ആപ്പിൽ; പുതിയ ആപ്പുമായി കേന്ദ്ര സർക്കാർ
EV charging

ഇന്ത്യയിൽ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ഇവി ചാർജിങ് സ്റ്റേഷനുകൾ കണ്ടുപിടിക്കുക എന്നത്. ഒരുപരിധി വരെ ഗൂഗിൾ മാപ്പ് ഇതിന് സഹായിക്കുമെങ്കിലും രാജ്യത്തെ എല്ലാ ഇവി ചാർജിങ് സ്റ്റേഷനുകളുടെയും വിവരങ്ങളുള്ള ആപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല.

ഇപ്പോൾ രാജ്യത്തുള്ള ചെറുതും വലുതുമായ എല്ലാ ചാർജിങ് സ്റ്റേഷനുകളുടേയും വിവരങ്ങളും ലൊക്കേഷനും ഉൾപ്പെടുത്തി പുതിയ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കൺവേർജൻസ് എനർജി സർവീസ് ലിമിറ്റഡ് (CESL). ആറ് ആഴ്ചക്കുള്ളിൽ ആപ്പ് നിലവിൽ വരും. ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ചാർജർ ടൈപ്പ്, നിരക്കുകൾ എന്നിവ കൂടാതെ ചാർജിങ് സ്റ്റേഷൻ ബുക്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും. പൊതു ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ എല്ലാ ചാർജിങ് സ്റ്റേഷനുകളും ആപ്പിൽ ലിസ്റ്റ് ചെയ്യും.

2020 ൽ രാജ്യത്ത് 1,827 ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു സർക്കാർ കണക്ക്. അതിനു ശേഷം 2,877 ചാർജിങ് സ്റ്റേഷനുകൾക്ക് സ്വകാര്യ മേഖലയിൽ മാത്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയിലെ ഇവി വാഹനങ്ങളുടെ കണക്ക് വെച്ചാൽ ഇത് അപര്യാപ്തമാണെന്നാണ് അനുമാനം. ഇവി വാഹനങ്ങളുടെ വർധിച്ച വിൽപ്പന കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. അതുകൊണ്ടു തന്നെ രാജ്യത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 ഇവി ചാർജിങ് സ്റ്റേഷനുകൾ രാജ്യത്ത് സ്ഥാപിക്കാനാണ് സിഇഎസ്എല്ലിന്റെ പദ്ധതി.

രാജ്യത്തെ പ്രധാന ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓരോ 25 കിലോമീറ്ററുകളിലും 50KW ചാർജിങ് സ്‌റ്റേഷനും ഓരോ 100 കിലോമീറ്ററുകളിലും 100KW ചാർജിങ് സ്‌റ്റേഷനും സ്ഥാപിക്കാനും സിഇഎസ്എല്ലിന് പദ്ധതിയുണ്ട്. 

Share this story