'ഇ.ഡിക്കും മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ല' : രാഹുൽ ഗാന്ധി
Rahul Gandhi

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രാഹുൽ പറഞ്ഞു. 

'ഇ.ഡി മുറിയിൽ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും ഓരോ നേതാവുമുണ്ടായിരുന്നു. ഈ സർക്കാറിനെതിരെ നിൽക്കുന്ന ഓരോ ഇന്ത്യക്കാരനും എന്റെ പിറകിലുണ്ടായിരുന്നു.ഇ.ഡിയും ഇത്തരത്തിലുള്ള ഏജന്‍സികളും എന്നെ ബാധിക്കില്ല' - അദ്ദേഹം പറഞ്ഞു. 

ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചത്. 2004 മുതൽ ഞാൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നു, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്നാണ് താൻ ഉത്തരം നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസത്തിനിടെ അമ്പത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അഞ്ചാം ദിവസം 12 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ.ഇ.ഡി ചോദ്യം ചെയ്യലിൽ തനിക്ക് പിന്തുണയുമായെത്തിയ പാർട്ടി പ്രവർത്തകർക്ക് രാഹുൽ നന്ദി അറിയിച്ചു.

അഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ സൈന്യത്തെ ദുർബലമാക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കാർഷിക നിയമങ്ങൾ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഗ്നിപഥ് പദ്ധതി പിൻവലിക്കേണ്ടി വരുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഒരിക്കൽ ഒരു റാങ്ക്, ഒരു പെൻഷൻ എന്നായിരുന്നു അവർ സംസാരിച്ചു​കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഒരു റാങ്കുമില്ല, ഒരു പെൻഷനുമില്ല. അഗ്നിപഥിലൂടെ സൈന്യത്തിലെത്തുന്നവർ വിരമിച്ചാൽ പിന്നീടൊരിക്കലും അവർക്ക് തൊഴിൽ ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Share this story