അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയുടെ നാല് ആഡംബരക്കാറുകള്‍ തേടി ഇ ഡി
arpitha mukarjee

കൊല്‍ക്കത്ത: അറസ്റ്റിലായ നടിയും മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തുമായ അര്‍പ്പിത മുഖര്‍ജിയുടെ നാല് ആഡംബരക്കാറുകള്‍ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് കാണാതായത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം(ഇ.ഡി.) അന്വേഷിക്കുന്നു. രണ്ടു ഫ്‌ളാറ്റുകളിലായി 50 കോടിയില്‍പ്പരം രൂപയും ആഭരണങ്ങളുമൊക്കെ ഇ.ഡി. കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. അതിനു പിന്നാലെയാണ് കാറുകളില്‍ പണം കടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുന്നത്.

അഞ്ച് കാറുകളാണ് അര്‍പ്പിതയുടേതായി ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്നത്. ഇവയില്‍ ഒരു മെഴ്സിഡസ് ബെന്‍സ് ഇ.ഡി. കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, മറ്റ് നാല് വാഹനങ്ങള്‍ അര്‍പ്പിത അറസ്റ്റിലായശേഷം ഇവിടെനിന്ന് കാണാതായി. ഇവ ആരാണ് കൊണ്ടുപോയതെന്നാണ് അന്വേഷിക്കുന്നത്. ഇതോടൊപ്പം വസ്തുക്കച്ചവടത്തില്‍ അര്‍പ്പിത അനധികൃതസമ്പത്ത് ഇറക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ അര്‍പ്പിത ആശുപത്രി പരിസരത്ത് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു .

Share this story