സ്ത്രീധന പീഡനം : തമിഴ്നാട്ടിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു, യുവാവ് പിടിയിൽ
Dowry harassment


ചെന്നൈ: സ്ത്രീധനമായി കാറ് കിട്ടാത്തതിന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് സംഭവം നടന്നത്. കൊലപാതക കേസിൽ  31കാരനെ കീർത്തി രാജിനെ ഞായറാഴ്ച രാത്രി നഗരത്തിൽ വെച്ച് സൂറമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 
കീർത്തിരാജ് മൂന്ന് വർഷം മുമ്പാണ് ധനശ്രിയയെ (26) വിവാഹം ചെയ്തത്. അടുത്തിടെ ഇവർ കുടുംബ വീട്ടിൽ നിന്ന് മാറി താമസിച്ചു. ഇതോടെ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടും സ്വർണ്ണം ആവശ്യപ്പെട്ടും കീർത്തി രാജ് ധനശ്രിയയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.

ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. പത്ത് ദിവസം മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ധനശ്രിയ പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭാര്യാപിതാവിന്റെ വീട്ടിൽ പോയ കീർത്തി രാജ് ഭാര്യയെ സമാധാനിപ്പിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരവും ഇവർ തമ്മിൽ വഴക്കുണ്ടായി. ഒരു ഘട്ടത്തിൽ കീർത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭാര്യയെ മർദിച്ചു. ധനശ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

ധനശ്രിയയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കീർത്തി രാജ് ശ്രമം നടത്തി. മകൾ ആത്മഹത്യ ചെയ്‌തതായി ഇയാൾ ഭാര്യാപിതാവിനെ അറിയിച്ചു. മൃതദേഹത്തിന്റെ തലയിലും മുഖത്തും മുറിവുകൾ കണ്ടെത്തി. ഇതോടെ ധനശ്രിയയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കീർത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കീർത്തിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സേലം സെൻട്രൽ ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്.

Share this story