രാജസ്ഥാനില്‍ തെരുവു നായയെ ചങ്ങലകൊണ്ട് കാറില്‍ കെട്ടിവലിച്ച് ഡോക്ടര്‍; കേസെടുത്തു
doctor

ജോധ്പൂര്‍ ജില്ലയില്‍ തെരുവുനായയെ കാറില്‍ ചങ്ങലകൊണ്ട് ബന്ദിച്ച് നഗരത്തിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍. രജനീഷ് ഗാല്‍വ എന്നയാളാണ് തെരുവു നായയെ തന്റെ കാറില്‍ കെട്ടിവലിച്ചിഴച്ചത്. ഇയാള്‍ക്കെതിരെ കേസ് എടുത്തതായി ജോധ്പൂര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരന്‍ രജനീഷിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ ഇയാളില്‍ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. പിന്നീട് ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു. നായയെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നായയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തന്റെ വീടിന് സമീപത്താണ് തെരുവുനായ സ്ഥിരമായി താമസിക്കുന്നത്. അതിനെ അവിടെ നിന്ന് മാറ്റാനാണ് ശ്രമിച്ചതെന്ന് ഡോക്ടര്‍ രജനീഷ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ ഡോഗ് ഹോം ഫൗണ്ടേഷന്‍ മൃഗ പീഡനത്തിന് പരാതി നല്‍കി. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത നിയമപ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോ?ഗസ്ഥനായ ജോഗേന്ദ്ര സിങ് അറിയിച്ചു.

Share this story