കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ് വിജയ് സിങ്

google news
Digvijay Singh

ജബൽപൂർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ജബൽപൂരിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ പാർട്ടി നേതൃത്വത്തിന്‍റെ നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങിന്‍റെ പിൻമാറ്റം.

ഇതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരം ശശി തരൂരും അജയ് ഗെഹ്‌ലോട്ടും തമ്മിലാകുമെന്ന് ഉറപ്പായി. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുംതന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം സംബന്ധിച്ച് ശശി തരൂർ നേരത്തെ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രംഗത്തെത്തി. സോണിയ ഗാന്ധി ആശുപത്രിയിലായ സമയത്ത് പാർട്ടിയിലെ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തയച്ചതാണ് കോൺഗ്രസിൽ തരൂർ നൽകിയ പ്രധാന സംഭാവനയെന്ന് അദ്ദേഹം പരിഹസിച്ചു.

നേരത്തെ, പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്കൊരുമിച്ച് കൊണ്ടുപോകാനാവുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. എന്നാൽ, കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണെന്നും അതിനോട് പാര്‍ട്ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ നിലപാടെടുത്തു.

തിങ്കളാഴ്ച ഗെഹ്‌ലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ 17നാണ് തെരഞ്ഞടുപ്പ്. രണ്ട് ദിവസത്തിന് ശേഷം ഫലം അറിയും.

Tags