മന്ത്രിസഭ വികസന ചർച്ചക്ക് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ

google news
880

മുംബൈ: മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി. സുഖമില്ലാത്തതിനാൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹി സന്ദർശനം റദ്ദാക്കി. ജോലി ഭാരമാണ് ഷിൻഡെയെ പ്രയാസപ്പെടുത്തിയതെന്നും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കയാണെന്നും ആണ് മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച് ലഭ്യമായ വിവരം. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് എല്ലാ പരിപാടികളും ഷിൻഡെ റദ്ദാക്കിയിരിക്കയാണെന്നും അധികൃതർ പറഞ്ഞു.

ഈ മാസാവസാനം നടക്കുന്ന മന്ത്രിസഭ യോഗത്തിനു മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്ന തിരക്കിട്ട നീക്കത്തിലാണ് മഹാരാഷ്ട്ര രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയായി ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തതല്ലാതെ മറ്റു മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയത്.

മന്ത്രിമാരുടെ പട്ടികയടങ്ങിയ കരട് ജൂലൈ 27ന് ഷിൻഡെയും ഫഡ്നാവിസും ഡൽഹിയിലെത്തി ബി.ജെ.പി നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മുഖ്യമന്ത്രിയടക്കം 43 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയിലേത്.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാൻ ചരടുവലി നടത്തിയ ഷിൻഡെക്കൊപ്പം നിന്ന ശിവസേന വിമത എം.എൽ.എമാർക്ക് പ്രതിഫലം ഉറപ്പാണെന്നാണ് റിപ്പോർട്ട്. മന്ത്രിസഭയിലെ അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിലെത്താൻ ബി.ജെ.പിക്കും ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗത്തിനും കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
 

Tags