
ന്യൂഡൽഹി∙ ജഹാംഗീർപുരിയ്ക്കു പിന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം. പൗരത്വ നിയമ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ ഷഹീൻബാഗിൽ ഉൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്നു രാവിലെ നടപടി തുടങ്ങിയിരുന്നു. ഇതിനെതിരയാണ് പ്രതിഷേധം ഉയർന്നത്. ഇടിച്ചുനിരത്തലിനെത്തിയ ബുള്‍ഡോസറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന നടപടി ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ തുടർന്ന് ഇന്നത്തേക്കു നീട്ടുകയായിരുന്നു. ഇന്നു രാവിലെ പൊലീസ് സേനയുടെ സഹായത്തോടെ ഇടിച്ചു നിരത്തൽ ആരംഭിച്ചു.
കഴിഞ്ഞ മാസം ഡൽഹിയിലെ ജഹാംഗീർപുരിയിലും സമാനമായി രീതിയിൽ ഇടിച്ചു നിരത്തൽ അരങ്ങേറിയിരുന്നു. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള നടപടി അരങ്ങേറിയത്. വിഷയം പരിഗണിച്ച കോടതി നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.