പഞ്ചാബിൽ മലയാളി വിദ്യാർഥിയുടെ മരണം: കോഴിക്കോട് എൻ.ഐ.ടി അധ്യാപകനെതിരെ കേസെടുത്തു

google news
sls

ചണ്ഡിഗഢ്: പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഫഗ്‍വാര പൊലീസ് ആത്മഹത്യ ​പ്രേരണ കുറ്റത്തിന് കേസെടുത്തു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി അഗിൻ (21) ഫഗ്‍വാരയിലെ ഹോസ്റ്റല്‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്.

2018 മുതൽ 2022 വരെ എൻ.ഐ.ടിയിൽ ബി.ടെക് കമ്പ്യൂട്ടർ വിദ്യാർഥിയായിരുന്നു അഗിൻ. കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടിയിലെ പഠനം അവസാനിപ്പിക്കാനിടയായതിന് അധ്യാപകനെ കുറ്റപ്പെടുത്തി അഗിന്റെ ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പിൽ പരാമർശമുണ്ട്. തന്റെ മകനെ നാല് പരീക്ഷ എഴുതാൻ കോഴിക്കോട് എ​ൻ.ഐ.ടിയിലെ പ്രഫസർ അനുവദിച്ചില്ലെന്ന് അഗിന്റെ പിതാവ് ദിലീപ് പറഞ്ഞു.

പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് എൻ.ഐ.ടി വിദ്യാർഥികൾ ആവശ്യപ്പെട്ടു. കോഴിക്കോട് എൻ.ഐ.ടിയിൽ പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
 

Tags