ദളിത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കാൽ നക്കിച്ചു : യു പിയിൽ ആറ് പേർ അറസ്‌റ്റിൽ
arrest

റായ്‌ബറേലി: പത്താം ക്‌ളാസുകാരനായ ദളിത് വിദ്യാർഥിക്ക് നേരെ സവർണ യുവാക്കളുടെ ക്രൂരത. വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് കാൽ നക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം.

പാടത്ത് പണിയെടുത്ത അമ്മയുടെ കൂലി ചോദിച്ചെത്തിയതിനാണ് വിദ്യാർഥിയെ ഒരു കൂട്ടം സവർണ യുവാക്കൾ ക്രൂരമായി മർദ്ദിച്ച് കാൽ നക്കിച്ചത്. ഏപ്രിൽ പതിനായിരുന്നു സംഭവം നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ആറ് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ പാടത്ത് ജോലി ചെയ്‌താണ്‌ കുടുംബം പോറ്റിയിരുന്നത്. ജോലി ചെയ്‌തതിന്റെ കൂലി ചോദിച്ച് എത്തിയ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

കുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ ഉചിതമായ വകുപ്പുകൾ ചേർത്ത് യുപി പോലീസ് അക്രമികൾക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥനായ അശോക് സിങ് പറഞ്ഞു.

Share this story