വാക്കുതർക്കം; ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു, തലയറുത്ത് നദിയിലെറിഞ്ഞു
stabbed

ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് നദിയിൽ എറിഞ്ഞു. ചെന്നൈ തിരുവൊട്ടിയൂർ ഏഴാം വാർഡ് ഡിഎംകെ സെക്രട്ടറി വൈ ചക്രപാണി (65) ആണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. ഇയാളുടെ ശരീരഭാഗങ്ങൾ പത്ത് കഷ്‌ണങ്ങളായി വെട്ടി പ്‌ളാസ്‌റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.

ഇയാളുമായി ബന്ധം പുലർത്തിയിരുന്ന തമിം ഭാനു എന്ന സ്‌ത്രീയുടെ വീട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ തമിം ഭാനുവിനെയും സഹോദരൻ വസിം പാഷയെയും പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മണലിസെൽവവിനായകർ കോവിൽ സ്‌ട്രീറ്റിൽ താമസിച്ചിരുന്ന ചക്രപാണിയെ കാണാനില്ലെന്ന് മകൻ നാഗേന്ദ്രൻ ചൊവ്വാഴ്‌ച പോലീസിൽ പരാതി നൽകിയിരുന്നു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിം ഭാനുവിന്റെ വീട്ടിൽ നിന്ന് തല ഒഴിച്ചുള്ള ചക്രപാണിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പണം പലിശക്ക് നൽകുന്ന ചക്രപാണിയുമായുള്ള ബന്ധത്തെ ചൊല്ലി തമിം ഭാനുവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവില്ലാതിരുന്ന സമയം ഇവരുടെ വീട്ടിൽ ചക്രപാണി എത്തി. ഈ സമയം അവിടെയെത്തിയ സഹോദരൻ വസിം പാഷയും ചക്രപാണിയുമായി വാക്കുതർക്കവും കയ്യേറ്റവുമുണ്ടായി. ഇതിനിടെ വസിം അരിവാൾ കൊണ്ട് ചക്രപാണിയെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്താൻ വാസിമിനെയും തമിം ഭാനുവിനെയും സഹായിച്ച ഓട്ടോ ഡ്രൈവർ ഒളിവിലാണ്.

Share this story